Friday, April 29, 2011

എന്‍ഡോസള്‍ഫാന് ലോകവ്യാപക നിരോധം

എന്‍ഡോസള്‍ഫാന് ലോകവ്യാപക നിരോധം
ജനീവ: മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന് ആഗോളതലത്തില്‍ നിരോധം. സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ഭാഗമായി ജനീവയില്‍ നടക്കുന്ന രാജ്യാന്തര സമ്മേളനമാണ് നിരോധത്തിന് അംഗീകാരം നല്‍കിയത്. നേരത്തെ എതിര്‍ത്ത ഇന്ത്യക്കും അവസാനനിമിഷം നിരോധത്തെ അനുകൂലിക്കേണ്ടി വന്നു.
എന്‍ഡോസള്‍ഫാന്‍ ഉയര്‍ത്തുന്ന ആരോഗ്യ, സാമൂഹിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ആഗോള നിരോധത്തിന് സമ്മേളനം തീരുമാനമെടുത്തത്. എന്‍ഡോസള്‍ഫാന്‍ ഏതൊക്കെ വിളകള്‍ക്കും കീടങ്ങള്‍ക്കുമാണ് തീര്‍ത്തും ഒഴിവാക്കാനാവാത്തത് എന്നതിനേപ്പറ്റി ഓരോ രാജ്യവും പട്ടിക നല്‍കണം.
ഒക്‌ടോബറില്‍ യോഗം ചേരുന്ന കമ്മിറ്റി പട്ടിക പരിശോധിക്കും. പ്രകൃതിക്കും മനുഷ്യനും ദോഷമല്ലാത്ത എന്തൊക്കെ ബദലുകള്‍ ആകാമെന്നതിനെപ്പറ്റിയാണ് കമ്മിറ്റിയില്‍ ചര്‍ച്ച നടക്കുക. ബദല്‍ കണ്ടെത്താന്‍ ഒട്ടും സാധ്യമല്ലാത്ത വിളകള്‍ക്കും കീടങ്ങള്‍ക്കും മാത്രം എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാന്‍ അഞ്ച് വര്‍ഷത്തേക്ക് അനുമതിയുണ്ടാകും.
എന്നാല്‍, അഞ്ച് വര്‍ഷത്തിനുള്ളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം പൂര്‍ണമായി ഇല്ലാതാക്കേണ്ട ബാധ്യത ഓരോ രാജ്യത്തിനുമുണ്ട്. എന്‍ഡോസള്‍ഫാന്‍ ആഗോളതലത്തില്‍ തുടച്ച് നീക്കാനുള്ള സാങ്കേതിക, സാമ്പത്തിക സഹായങ്ങള്‍ നല്‍കാന്‍ വികസിത രാജ്യങ്ങള്‍ തയാറായിട്ടുണ്ടെന്നതാണ് ജനീവാ സമ്മേളനത്തിന്റെ മറ്റൊരു നേട്ടം.
എന്‍ഡോസള്‍ഫാന്‍ നിരോധം ഇനി പാര്‍ലമെന്റ് അംഗീകരിക്കേണ്ടതുണ്ട്. ഇതിന് പരമാവധി ഒരു വര്‍ഷത്തെ സമയമാണ് ലഭിക്കുക. സമ്മേളന ഉടമ്പടി രേഖയാകുന്നതിനൊപ്പം അതത് രാജ്യങ്ങളുടെ നിയമനിര്‍മാണ സമിതികള്‍ നിരോധം അംഗീകരിച്ചിരിക്കണം. നിരോധിത കീടനാശിനിയായതിനാല്‍ തങ്ങളുടെ പക്കല്‍ ഇത് എന്തുമാത്രം സംഭരിച്ചിട്ടുണ്ടെന്ന് ഓരോ രാജ്യവും കണക്ക് നല്‍കണം.
സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ തീരുമാനത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. നാമയച്ചുകൊടുത്ത ചിത്രങ്ങളും റിപ്പോര്‍ട്ടുകളും നിരോധത്തിന്‌ സഹായകമായതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

No comments:

Post a Comment