Friday, April 29, 2011

പൈലറ്റ് സമരം:ഗള്‍ഫ് വിമാനങ്ങളും വൈകിത്തുടങ്ങി കൊച്ചില്‍ ഇന്നും ആറ് സര്‍വീസുകള്‍ റദ്ദാക്കി

പൈലറ്റ് സമരം:ഗള്‍ഫ് വിമാനങ്ങളും വൈകിത്തുടങ്ങി കൊച്ചില്‍ ഇന്നും ആറ് സര്‍വീസുകള്‍ റദ്ദാക്കി
നെടുമ്പാശേരി-എയര്‍ഇന്ത്യയിലെ പൈലറ്റുമാരുടെ സമരം ഇന്നും തുടരുന്നു. ഇന്ന് ആറ് സര്‍വീസുകളാണ് നെടുമ്പാശേരിയില്‍ നിന്നും റദ്ദാക്കിയത്. ഇതില്‍ ഷാര്‍ജയിലേക്കുളള ഒരു സര്‍വീസും ഉള്‍പ്പെടുന്നു. 840 പൈലറ്റുമാരാണ് സമരത്തിലുളളത്. ഇതു മൂലം എയര്‍ഇന്ത്യയുടെ 320 പ്രതിദിന സര്‍വീസുകളില്‍ 50 ല്‍ താഴെ മാത്രമേ നടത്തുവാന്‍ കഴിയുന്നുളളൂ. സമരത്തിലുളള മുഴുവന്‍ പൈലറ്റുമാരേയും പിരിച്ചുവിടുമെന്ന് നോട്ടീസ് നല്‍കിയെങ്കിലും ഹാജരായിട്ടില്ല. സമരത്തില്‍ നിന്നും പിന്മാറണമെന്ന ദല്‍ഹി ഹൈക്കോടതി വിധി പാലിക്കാത്തതിന്റെ പേരില്‍ കോടതിയലക്ഷ്യ നടപടിക്ക് എയര്‍ഇന്ത്യ മാനേജ്‌മെന്റ് തയ്യാറായിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ ജയിലില്‍ പോകാന്‍ സന്നദ്ധമാണെന്ന വാദമാണ് സമരത്തിലുളളവര്‍ നിരത്തിയിരിക്കുന്നത്.
    സമരം മൂലം കേരളത്തിലുളളവരാണ് വളരെയേറെ വിഷമിക്കുന്നത്. മുംബൈ, ദല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് ട്രെയിനുകളില്‍ പലതിലും വേണ്ടത്ര ടിക്കറ്റുകളില്ല. യാത്രക്കാരുടെ വിഷമതയ്ക്ക്പരിഹാരം കാണുന്നതിന് റെയില്‍വേ ഏതാനും പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്താന്‍ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും ഇതിലൊന്നു പോലും കേരളത്തിലേക്കില്ലെന്നതാണ് മലയാളികളെ വിഷമിക്കുന്നത്. പലരും സ്വകാര്യ ടൂറിസ്റ്റ് ബസുകളെ ആശ്രയിക്കുകയാണ്. ഇവരും ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയാണ്.
    എയര്‍ഇന്ത്യാ എക്‌സ്‌പ്രസിലെ പൈലറ്റുമാര്‍ പണിമുടക്കിലില്ലെങ്കിലും വരും ദിവസങ്ങളിലായി എയര്‍ഇന്ത്യാ എക്‌സ്‌പ്രസ് വിമാനത്തെയും സമരം ബാധിക്കാനിടയുണ്ട്. ഇന്നു മുതല്‍ പല എയര്‍ഇന്ത്യാ എക്‌സ്‌പ്രസ് വിമാനങ്ങളും വൈകി തുടങ്ങി.നെടുമ്പാശേരിയില്‍ ദുബൈയില്‍ നിന്നും ദമാമില്‍ നിന്നും രാവിലെ എത്തേണ്ടിയിരുന്ന വിമാനങ്ങള്‍ മണിക്കൂറുകളോളമാണ് വൈകിയിരിക്കുന്നത്.
    സമരത്തെതുടര്‍ന്ന് യാത്ര ചെയ്യാന്‍ കഴിയാത്ത പരമാവധി പേരെ കൊണ്ടുവരുന്നതിനായി വിവിധ സ്ഥലങ്ങളിലേക്ക് ജംബോ വിമാനങ്ങള്‍ പറത്താനുളള ശ്രമങ്ങളും എയര്‍ഇന്ത്യ നടത്തുന്നുണ്ട്

No comments:

Post a Comment