Friday, April 29, 2011

ഹാക്കര്‍മാര്‍ സജീവം; ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ്

ഹാക്കര്‍മാര്‍ സജീവം; ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ്
കുവൈത്ത് സിറ്റി: ഇ മെയില്‍ വഴി ബാങ്ക് എക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം അപഹരിക്കുന്ന ഹാക്കര്‍മാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെന്‍ട്രല്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.  ഹാക്കര്‍മാരുടെ വലയില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് സമീപനാളുകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഏജന്‍സി വെളിപ്പെടുത്തി.
ബാങ്കുകളുടെയും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളുടെയും പേരുകളില്‍ വ്യാജ ഇ മെയില്‍ അയച്ചാണ് ഹാക്കര്‍മാര്‍ ഇരകളെ വലയില്‍ വീഴ്ത്തുന്നത്. ബാങ്കുകളുടെ വെബ്‌സൈറ്റിന് സമാനമായ രീതിയില്‍ വ്യാജ  സൈറ്റുകള്‍ നിര്‍മിച്ച് അതിലേക്ക് ആളുകളെ നയിക്കുകയാണ് തട്ടിപ്പിന്റെ രീതി. തട്ടിപ്പാണെന്ന് അറിയാതെ വ്യാജ സൈറ്റില്‍ ഇടപാടുകാര്‍ നല്‍കുന്ന വിവരങ്ങള്‍ ശേഖരിക്കുകയും അത് ഉപയോഗിച്ച് എക്കൗണ്ടില്‍ കടന്നുകയറി പണം തട്ടുകയാണ് ഹാക്കര്‍മാര്‍ ചെയ്യുന്നത്.
ഇ മെയില്‍ ഉപയോഗിക്കുന്നവും ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം ഉപയോഗപ്പെടുത്തുന്നവരും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. സംശയകരമായ ഇ മെയിലുകള്‍ അവഗണിക്കുകയാണ് ഏറ്റവും  ഫലപ്രദമായ  മാര്‍ഗം. ബാങ്ക് എക്കൗണ്ട് വിവരങ്ങള്‍  പോലുള്ള സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടുന്ന ഇമെയിലുകളോട് പ്രതികരിക്കരുത്. ഇത്തരം വിവരങ്ങള്‍ നല്‍കുമ്പോള്‍ ബാങ്കുമായി ബന്ധപ്പെട്ട് അതിന്റെ ആധികാരികത ഉറപ്പുവരുത്തണമെന്നും  ഐ.ടി സെന്‍ട്രല്‍ ഏജന്‍സി  നിര്‍ദേശിച്ചു.

No comments:

Post a Comment