Friday, April 29, 2011

തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍വകക്ഷി തീരുമാനം

പുറത്തൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന മേയ് 13ന് ആഹ്ലാദ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ ഉണ്ടാവുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ തിരൂര്‍ പൊലീസ് പഞ്ചായത്തുകളില്‍ സര്‍വകക്ഷിയോഗം വിളിച്ചു. പൊലീസ് അനുമതിയില്ലാതെ പ്രകടനങ്ങള്‍ നടത്താന്‍ പാടില്ല.
എതിര്‍കക്ഷി നേതാക്കളുടെ വീടിന് മുന്നില്‍ പടക്കം പൊട്ടിക്കാനോ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാനോ പാടില്ലെന്നും കര്‍ശന നിര്‍ദേശം നല്‍കി.  ലംഘിച്ചാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.
13ാം തീയതി മണ്ഡലത്തില്‍ വിജയിച്ച പാര്‍ട്ടിക്ക് വാര്‍ഡുകള്‍ തോറും പ്രകടനം നടത്താം. 14ാം തീയതി സംസ്ഥാനത്ത് ഭൂരിപക്ഷം കിട്ടിയ കക്ഷിക്ക് പഞ്ചായത്തില്‍ പ്രകടനം നടത്താം. 15ാം തീയതി മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ച പാര്‍ട്ടിക്ക് പഞ്ചായത്ത് തലത്തില്‍ പ്രകടനം നടത്താം എന്നിങ്ങനെയാണ് സര്‍വകക്ഷി തീരുമാനം.
പുറത്തൂര്‍ പഞ്ചായത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ. സരസ്വതി അമ്മ അധ്യക്ഷത വഹിച്ചു. സി.ഐ. എം.വി. സുകുമാരന്‍, എസ്.ഐ. എം.കെ. ഷാജി, സി.ഒ. ശ്രീനിവാസന്‍ (സി.പി.എം), എം.പി. ഹംസ (ലീഗ്), സി.എം. പുരുഷോത്തമന്‍ (കോണ്‍.), ടി.എന്‍. വേലായുധന്‍ (ബി.ജെ.പി) എന്നിവര്‍ സംസാരിച്ചു.
തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ആര്‍.കെ. ഹഫ്‌സത്ത് അധ്യക്ഷത വഹിച്ചു. എസ്.ഐ എം.കെ. ഷാജി, എ.എസ്.ഐ വാസു, കെ. നാരായണന്‍ (സി.പി.എം), എന്‍.എ. ബാവ (ലീഗ്), വി.പി. കുഞ്ഞുട്ടി (കോണ്‍.) എന്നിവര്‍ സംസാരിച്ചു. മംഗലം പഞ്ചായത്തില്‍ ബുധനാഴ്ച സര്‍വകക്ഷി യോഗം നടന്നിരുന്നു.

No comments:

Post a Comment