Saturday, May 14, 2011

മുട്ടുമടക്കാത്ത ഹരിതവീര്യം

മുട്ടുമടക്കാത്ത ഹരിതവീര്യം
മലപ്പുറം: രാവിലെ എട്ടു മണി. ഒരുമാസമായി കനത്ത സുരക്ഷാ വലയത്തില്‍ സൂക്ഷിച്ച വോട്ടുപെട്ടികള്‍ കാത്തിരിപ്പിനൊടുവില്‍ കണ്ണു തുറന്നു. ബീപ് ശബ്ദങ്ങള്‍ക്കൊപ്പം സ്ഥാനാര്‍ഥികളുടെ വോട്ടുനില വരാന്‍ തുടങ്ങിയതോടെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് ഒറ്റക്കും കൂട്ടായും നിന്ന പാര്‍ട്ടി അണികള്‍ക്ക് അനക്കം വെച്ചു. വ്യക്തമായ ലീഡ് നില വരാന്‍ തുടങ്ങിയതോടെ അത് അണപൊട്ടി. ബാന്‍ഡ് വാദ്യങ്ങളും കൂറ്റന്‍ ബാനറുകളും ഏണിയുമൊക്കെയായി വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് പച്ചക്കൂട്ടങ്ങള്‍ ആവേശത്തിന്റെ അലമാലകള്‍ തീര്‍ത്തു. വിജയ പ്രഖ്യാപനവുമായി സ്ഥാനാര്‍ഥികള്‍ പുറത്തെത്തിയതോടെ പടക്കങ്ങള്‍ക്ക് തീപിടിച്ചു. ബാന്‍ഡുവാദ്യങ്ങള്‍ പെരുമ്പറ മുഴക്കി. ബൈക്കിലും ചെറു വാഹനങ്ങളിലും പാട്ടും നൃത്തവുമായി വിജയം ആഘോഷിച്ചു.
ഏറ്റവും ശക്തമായ മത്സരം നടന്ന പെരിന്തല്‍മണ്ണയിലാണ് ലീഗണികള്‍ പച്ചക്കടല്‍ തീര്‍ത്തത്.  11ഓടെ അലിയുടെ ജയം ഉറപ്പായപ്പോള്‍ അങ്ങാടിപ്പുറം പോളിടെക്‌നിക്കിന്റെ മുന്‍വശത്ത് ഹൈവേയില്‍ അണികള്‍ കൂട്ടമായെത്തി മുദ്രാവാക്യം മുഴക്കി. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍നിന്ന് ഇരുകൈകളും വീശി മഞ്ഞളാംകുഴി അലിയെത്തിയതോടെ ആവേശമിരമ്പി. പൊലീസ് തീര്‍ത്ത കനത്ത സുരക്ഷാ വലയത്തിലായിരുന്നു അണികള്‍. പ്രചാരണം അവസാനിച്ച ദിവസം പെരിന്തല്‍മണ്ണയിലുണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്നാണ് കനത്ത സുരക്ഷാ വലയമൊരുക്കിയത്.
മലപ്പുറത്ത് ഉച്ചക്ക് ശേഷം ടൗണ്‍ഹാള്‍ പരിസരത്ത് കൂട്ടമായെത്തിയ ലീഗണികള്‍ പച്ചപ്പതാകയും ബാന്‍ഡു സെറ്റും അലങ്കരിച്ച വാഹനങ്ങളുമായി സ്ഥാനാര്‍ഥികളെ കാത്തുനിന്നു.  പകല്‍ മൂന്നിന് വിജയാഹ്ലാദം പങ്കിടാന്‍ കുഞ്ഞാലിക്കുട്ടിയെത്തിയതോടെ ആവേശം അലകടലായി.

No comments:

Post a Comment