Wednesday, May 4, 2011

ഇന്ധനനിരക്കു വര്‍ധന ഉടന്‍; ഡീസല്‍ വിലയും ഉയരും

ഇന്ധനനിരക്കു വര്‍ധന ഉടന്‍;  ഡീസല്‍ വിലയും ഉയരും
ന്യൂദല്‍ഹി: ഇന്ധന നിരക്ക് വീണ്ടും ഉയരും. അടുത്ത ആഴ്ച  തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നുറപ്പായി. ഡീസല്‍ വില ലിറ്ററിന് മൂന്ന് രൂപയെങ്കിലും ഉയര്‍ത്താനാണ് നീക്കം. മണെ്ണണ്ണ, പാചക വാതക സിലിണ്ടര്‍ നിരക്കും വര്‍ധിപ്പിക്കണമെന്ന് എണ്ണ കമ്പനികള്‍ സര്‍ക്കാറിനു മേല്‍ സമ്മര്‍ദം തുടരുകയാണ്.
കേരളം ഉള്‍പ്പെടെ അഞ്ചിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കാരണം നിരക്കുവര്‍ധന മാറ്റിവെക്കുകയായിരുന്നു. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം പൂര്‍ത്തിയാകുന്നത് ഈ മാസം പത്തിനാണ്. അതുവരെ  നിരക്കുവര്‍ധന നടപ്പാക്കരുതെന്ന് തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു. മെയ് 10ന് അന്തിമഘട്ട തെരഞ്ഞെടുപ്പ് അവസാനിക്കും. തൊട്ടടുത്ത ദിവസം തന്നെ ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ അധ്യക്ഷതയിലുള്ള ഉന്നത മന്ത്രിസഭാ സമിതി നിരക്കുവര്‍ധന തീരുമാനം കൈക്കൊള്ളുമെന്നാണ് വിവരം.
ആഗോള വിപണിയില്‍ ഇന്ധന നിരക്ക് കുത്തനെ കൂടിയത് നിരക്കുവര്‍ധന അനിവാര്യമാക്കിയതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പെട്രോള്‍ ലിറ്ററിന് 3 മുതല്‍ 4 രൂപ വരെ ഉയര്‍ത്തണമെന്ന് പെട്രോളിയം കമ്പനികള്‍ ആവശ്യപ്പെടുന്നു.  വിലനിയന്ത്രണം നിലനില്‍ക്കുന്ന ഡീസലിന്റെ കാര്യത്തിനും നിരക്കുവര്‍ധന ഉറപ്പാണ്. അതോടെ അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയരുന്ന സാഹചര്യമാകും ഉണ്ടാവുക. ദരിദ്രരുടെ ജീവിതം  കൂടുതല്‍ ദുരിതപൂര്‍ണവുമാകും. കഴിഞ്ഞ വര്‍ഷം ജൂണിലാണ് പെട്രോളിന്റെ മേലുള്ള വിലനിയന്ത്രണം എടുത്തു കളയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ഇലക്ഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കി വോട്ടെണ്ണല്‍ നടക്കും മുമ്പെ തീരുമാനം പ്രഖ്യാപിക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ മുഖ്യ തെരഞ്ഞെടുപ്പു കമീഷനോട് ആവശ്യപ്പെട്ടിരുന്നു. മെയ് 13നാണ് വോട്ടെണ്ണല്‍. അതിനു മുമ്പെ നിരക്കുവര്‍ധന പ്രഖ്യാപിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇലക്ഷന്‍ കമീഷന്‍ സര്‍ക്കാറിനെ അറിയിച്ചതായാണ് സൂചന.
കുറഞ്ഞ നിരക്കില്‍ ഇന്ധന വില്‍പന നടക്കുന്നതിലൂടെ നടപ്പു സാമ്പത്തിക വര്‍ഷം മാത്രം 180,000 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ്   പെട്രോളിയം കമ്പനികളുടെ മുന്നറിയിപ്പ്. എന്നാല്‍ ഇത് പെരുപ്പിച്ച കണക്കാണെന്ന് ഇടതു പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. അതേ സമയം  ഡീസല്‍, പാചക വാതകം എന്നിവ സബ്‌സിഡി നിരക്കില്‍ നല്‍കുന്നത് തുടര്‍ന്നാല്‍ നഷ്ടത്തിന്റെ വ്യാപ്തി കൂടുമെന്ന മുന്നറിയിപ്പും കമ്പനികള്‍ നല്‍കുന്നുണ്ട്.  ഈ സാഹചര്യത്തില്‍ പാചക വാതക സിലിണ്ടറിന്റെ നിരക്ക് ഉയര്‍ത്തുന്ന കാര്യവും മെയ് 11ന് ചേരുന്ന ഉന്നതതല മന്ത്രിസഭാ പരിഗണിക്കും.
എണ്ണ കമ്പനികളുടെ നഷ്ടം കുറഞ്ഞ തോതിലെങ്കിലും വകവെച്ചു കൊടുക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നാണ് പെട്രോളിയം മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതു മേഖലാ കമ്പനികളാണ് ഇന്ധന വിതരണം നടത്തുന്നത്. ഡീസല്‍ ലിറ്ററിന് 17 രൂപ  വരെ ബാധ്യത വരുത്തിയാണ് വില്‍പന നടത്തുന്നതെന്നാണ് കമ്പനികളുടെ വാദം. മൂല്യവര്‍ധിത നികുതി കൂടി ചേരുന്നതോടെ ആഗോള വിപണയിലെയും ആഭ്യന്തര വിപണിയിലെയും വില്‍പന വിലയിലെ അന്തരം 19 രൂപ വരെ വന്നേക്കുമെന്നും കമ്പനികള്‍ വിശദീകരിക്കുന്നു.
കഴിഞ്ഞ ജൂണിനു ശേഷം നിരവധി തവണ പെട്രോള്‍ നിരക്കില്‍ വര്‍ധന വരുത്തുകയുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മൂലമാണ് നിരക്കുവര്‍ധന നീണ്ടു പോയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇപ്പോഴത്തെ ആഗോള നിരക്കു പ്രകാരം പെട്രോള്‍ ലിറ്ററിന് എട്ടര രൂപയെങ്കിലും ഉയര്‍ത്തണമെങ്കിലും ഒറ്റയടിക്ക് ഉപഭോക്താക്കളെ പ്രയാസപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പെട്രോളിനും ഡീസലിനും പുറമെ മണെ്ണണ്ണ ലിറ്ററിന് 29.69ഉം 14.2 കിലോഗ്രാമിന്റെ പാചക വാതക സിലിണ്ടര്‍ 329.73ഉം നിരക്കു കുറച്ചാണ് വിതരണം ചെയ്യുന്നതെന്നും എണ്ണ കമ്പനികള്‍ പരാതിപ്പെടുന്നു.

No comments:

Post a Comment