Thursday, May 5, 2011

വോട്ടെണ്ണലിന് ദിനങ്ങള്‍ മാത്രം; ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടേറുന്നു

കാളികാവ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഫലപ്രഖ്യാപനത്തെക്കുറിച്ച ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിക്കുന്നു. പരമ്പരാഗതമായി യു.ഡി.എഫ് കോട്ടയായ മലപ്പുറത്ത് അട്ടിമറികളിലാണ് ഇടതുപ്രതീക്ഷ.
സി.പി.എം സഹയാത്രികനായിരുന്ന മഞ്ഞളാംകുഴി അലിയും സിറ്റിങ് എം.എല്‍.എ വി. ശശികുമാറും മത്സരിക്കുന്ന പെരിന്തല്‍മണ്ണയിലെ തെരഞ്ഞെടുപ്പ് ഫലമാണ് ജില്ലയില്‍ ഏറെ ചര്‍ച്ചാ വിഷയമാകുന്നത്. പെരിന്തല്‍മണ്ണയുടെ മനസ്സറിയാന്‍ അതീവ ആകാംക്ഷയിലാണ് സി.പി.എം പ്രവര്‍ത്തകര്‍.
അയ്യായിരത്തിനടുത്ത വോട്ടിന് അലിയുടെ ജയം ഉറപ്പാണെന്ന യു.ഡി.എഫിന്റെ അവകാശവാദമാണ് സി.പി.എമ്മിന്റെ ചങ്കിടിപ്പ് കൂട്ടുന്നത്.
ശശികുമാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും മണ്ഡലത്തിന്റെ ഇടത് ആഭിമുഖ്യവുമെല്ലാം അനുകൂല ഘടകങ്ങളാണെങ്കിലും മങ്കട പിടിച്ചെടുക്കാന്‍ അലി നടത്തിയ പരിശ്രമം അനുഭവത്തിലൂടെ അറിയുന്നതാണ് സി.പി.എമ്മിനെ വിഷമവൃത്തത്തിലാക്കുന്നത്.
ജില്ലയില്‍ രണ്ട് സീറ്റുകളാണ് ഇടതു മുന്നണി പ്രവര്‍ത്തകര്‍ ഉറപ്പാക്കുന്നത്. കെ.ടി. ജലീല്‍ മത്സരിക്കുന്ന തവനൂരും പി. ശ്രീരാമകൃഷ്ണന്‍ മത്സരിക്കുന്ന പൊന്നാനിയും. നിലമ്പൂരിലും പെരിന്തല്‍മണ്ണയിലും പൊരുതി ജയിക്കാമെന്ന പ്രതീക്ഷയും സി.പി.എമ്മിനുണ്ട്.
അതേസമയം, യു.ഡി.എഫാകട്ടെ മുസ്‌ലിം ലീഗ് മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും ജയം ഉറപ്പാണെന്ന അവകാശവാദമാണുന്നയിക്കുന്നത്.
കോണ്‍ഗ്രസ് മത്സരിക്കുന്ന നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദിന്റെ കാര്യത്തില്‍ ഭൂരിപക്ഷത്തില്‍ കുറവുണ്ടാവുമെങ്കിലും ജയം ഉറപ്പാണെന്നും അവര്‍ പറയുന്നു.
പി.ടി. അജയ്‌മോഹന് നാട്ടുകാരനെന്ന മികവിന്റെ പിന്‍ബലത്തില്‍ സി.പി.എമ്മിന്റെ കുത്തക മണ്ഡലമായ പൊന്നാനി പിടിച്ചെടുക്കാനാവുമെന്ന പ്രതീക്ഷയും യു.ഡി.എഫ് മറച്ചുവെക്കുന്നില്ല

No comments:

Post a Comment