Wednesday, May 4, 2011

കാമുകിയുടെ കാമുകനെ കുടുക്കാന്‍ വ്യാജ എസ്.എം.എസ്: യുവാവ് പിടിയില്‍

തിരുവനന്തപുരം: താന്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയുമായി അടുപ്പത്തിലായ യുവാവിനെ പൊലീസിന്റെ വലയിലാക്കാന്‍ വ്യാജ എസ്.എം.എസ് അയച്ച കേസില്‍ ഗള്‍ഫുകാരനായ യുവാവിനെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു. കൊല്ലം കരുനാഗപ്പള്ളി  കുലശേഖരം ആദിനാട് തെക്ക് ചെറ്റതിട്ട വീട്ടില്‍ അന്‍ഷാദ് (28) ആണ് പിടിയിലായത്.
ജയ്ഹിന്ദ് ടി.വിയിലെ പ്രോഗ്രാം പ്രൊഡ്യൂസറായ സുജിത്കുമാറിന് ഫെബ്രുവരി 14 ന് ഉച്ചക്ക് 2.59 ന് ഗള്‍ഫില്‍ നിന്നുള്ള നമ്പറില്‍ നിന്ന് വന്ന എസ്.എം.എസാണ് കേസിനാധാരം. കേരളത്തിലെ ഒരു മൊബൈല്‍ഫോണ്‍ നമ്പറും പുണെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട വാക്കുകളും ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്ത മലയാളി തീവ്രവാദിയായ മനാഫിന്റെ പേരും ഉള്‍പ്പെട്ട എസ്.എം.എസായിരുന്നു സുജിത്തിന് ലഭിച്ചത്. എസ്.എം.എസില്‍ സംശയം തോന്നിയ സുജിത് ഡി.ജി.പിക്ക് പരാതി നല്‍കി. സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചതില്‍ നിന്നാണ് അന്‍ഷാദാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായത്.
സൗദിയിലെ റിയാദില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചു കഴിയുകയാണെന്ന് മനസ്സിലായി. പൊതുമാപ്പ് ലഭിച്ച് നാട്ടിലെത്തിയ അന്‍ഷാദ് ബുധനാഴ്ച ഉച്ചക്ക് 2.30 ന് സൈബര്‍ സ്‌റ്റേഷനില്‍ ഹാജരായി കുറ്റം സമ്മതിച്ചു. താന്‍ സ്‌നേഹിച്ചിരുന്ന പെണ്‍കുട്ടിയുമായി അരുണ്‍ എന്നൊരാള്‍ അടുപ്പത്തിലായതായി അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അരുണിനെ പൊലീസില്‍ കുടുക്കാനായാണ് അയാളുടെ നമ്പര്‍ ഉള്‍പ്പെടുത്തി മെസേജ് അയച്ചതെന്ന് മൊഴി നല്‍കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി രണ്ട് പേരുടെ ആള്‍ ജാമ്യത്തില്‍ വിട്ടയച്ചെന്ന് സൈബര്‍ പൊലീസ് അറിയിച്ചു.

No comments:

Post a Comment