Tuesday, May 10, 2011

യു.ഡി.എഫ് അധികാരത്തിലേക്കെന്ന് സര്‍വേകള്‍

യു.ഡി.എഫ് അധികാരത്തിലേക്കെന്ന് സര്‍വേകള്‍
കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെറിയ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് ഭൂരിപക്ഷം പോസ്റ്റ്‌പോള്‍ സര്‍വേകള്‍ പ്രവചിച്ചു. എന്നാല്‍, മലയാളമനോരമയും ദ വീക്ക് വാരികയും സി.എന്‍.എന്‍-ഐ.ബി.എന്നും ചേര്‍ന്നു നടത്തിയ സര്‍വേ, ഇടതുപക്ഷം ഒന്നാമതെത്തുമെന്ന് പ്രവചിച്ചു. ഇന്ത്യയിലെ തെരഞ്ഞെടുപ്പു പ്രവചന ശാസ്ത്രത്തിന്റെ തലതൊട്ടപ്പന്മാരിലൊരാളായ യോഗേന്ദ്രയാദവിന്റെ നേതൃത്വത്തിലുള്ള സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് (സി.എസ്.ഡി.എസ്) ആണ് മനോരമക്കും സി.എന്‍.എന്നിനും വേണ്ടി സര്‍വേ നടത്തി 69-77 സീറ്റുകളോടെ ഇടതുപക്ഷം ഒന്നാമതെത്തുമെന്ന് പ്രവചിച്ചത്.  63 മുതല്‍ 71 വരെ സീറ്റുകള്‍ യു.ഡി.എഫ് നേടുമെന്നും സി.എസ്.ഡി.എസ് പറയുന്നു. ഇതൊഴികെ മറ്റെല്ലാ ഏജന്‍സികളുടെയും സര്‍വേകളില്‍ യു.ഡി.എഫിനാണ് വ്യക്തമായ മുന്‍തൂക്കം. മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ വി.എസ് അച്യുതാനന്ദനാണെന്ന് എല്ലാ സര്‍വേകളിലും ഭൂരിപക്ഷം വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ ഇരു മുന്നണികളും തമ്മിലുള്ള വോട്ടിങ് വ്യതിയാനം ഇത്തവണ നേരിയതാവുമെന്നും സര്‍വേകളില്‍ വ്യക്തമായി.
72-82 സീറ്റുകള്‍ നേടി യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് ഏഷ്യാനെറ്റ് സര്‍വേ പറയുന്നു. 58-68 സീറ്റുകളാവും എല്‍.ഡി.എഫ് നേടുക. 44 ശതമാനം വോട്ട് യു.ഡി.എഫും 43 ശതമാനം എല്‍.ഡി.എഫും നേടും. ബി.ജെ.പി രണ്ട് സീറ്റില്‍ വിജയിച്ചേക്കാം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 40 ശതമാനം വോട്ട് വി.എസിന് കിട്ടിയപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ 37 ശതമാനം പിന്തുണച്ചു. രമേശ് ചെന്നിത്തല പതിനെട്ട് ശതമാനം വോട്ടര്‍മാരുടെ പിന്തുണ നേടി. കോടിയേരി ബാലകൃഷ്ണനെ പിന്തുണക്കുന്നത് അഞ്ചു ശതമാനമാണ്. 2006നെ അപേക്ഷിച്ച് യു.ഡി.എഫ് വോട്ടുകളില്‍ ഒരു ശതമാനം വര്‍ധനയുണ്ടായി, എല്‍.ഡി.എഫ് വോട്ട് ആറുശതമാനം കുറഞ്ഞു.
യു.ഡി.എഫിന് വടക്കന്‍ കേരളത്തില്‍ 12-16 സീറ്റുകളും മധ്യകേരളത്തില്‍ 34-37 സീറ്റുകളും തെക്കന്‍ കേരളത്തില്‍ 26-29 സീറ്റുകളും കിട്ടും. എല്‍.ഡി.എഫിന് വടക്ക് 33-37 സീറ്റുകളും മധ്യകേരളത്തില്‍ 7-10 സീറ്റുകളും തെക്ക് 18-20 സീറ്റുകളും ലഭിക്കും. ഏഷ്യാനെറ്റ് ചാനല്‍ സെന്റര്‍ ഫോര്‍ ഫോര്‍കാസ്റ്റിങ് ആന്‍ഡ് റിസര്‍ച്ചുമായി ചേര്‍ന്ന് ഏപ്രില്‍ 14നും 20നും ഇടക്കു നടത്തിയ സര്‍വേയില്‍ 40 മണ്ഡലങ്ങളിലെ 6211 വോട്ടര്‍മാരുടെ അഭിപ്രായമാണ് തേടിയത്.
യു.ഡി.എഫ് 88 സീറ്റുനേടി അധികാരത്തിലെത്തുമെന്ന് സ്റ്റാര്‍ന്യൂസ് സര്‍വേ പറയുന്നു. എല്‍.ഡി.എഫ് 49 സീറ്റു നേടും. 16,250 വോട്ടര്‍മാരെ നേരില്‍ കണ്ട് ന്യൂസ് 24 ചാനലിനു വേണ്ടി ടുഡെയ്‌സ് ചാണക്യ ഏജന്‍സി നടത്തിയ സര്‍വേയില്‍ യു.ഡി.എഫിന് 93 സീറ്റും എല്‍.ഡി.എഫിന് 44 സീറ്റും പ്രവചിക്കുന്നു. ഇടതിന് 41 ശതമാനം വോട്ടും യു.ഡി.എഫിന് 49 ശതമാനം വോട്ടും ലഭിക്കും. ബി.ജെ.പി മൂന്നു സീറ്റു നേടാമെന്നും സര്‍വേ പറയുന്നു. സി.വി.ബി ന്യൂസ്-സീ വോട്ടര്‍ സര്‍വേ യു.ഡി.എഫ് 83-91 സീറ്റുകളും  എല്‍.ഡി.എഫ് 49-57 സീറ്റുകളും നേടുമെന്ന് പറയുന്നു. ബി.ജെ.പി ഒരു സീറ്റ് നേടും. ഹെഡ്‌ലൈന്‍സ്ടുഡെ-ഒ.ആര്‍.ജി സര്‍വേ യു.ഡി.എഫിന് 85-90 സീറ്റുകളും ഇടതിന് 45-60 സീറ്റുകളും പ്രവചിച്ചു.
മലയാള മനോരമ-സി.എന്‍.എന്‍ സര്‍വേയില്‍ 55 മണ്ഡലങ്ങളിലെ 3133 വോട്ടര്‍മാരെയാണ് നേരിട്ട് കണ്ടത്. മികച്ച മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന്  38 ശതമാനം വി.എസ് എന്നു മറുപടി നല്‍കി. 25 ശതമാനം പേരാണ്  ഉമ്മന്‍ചാണ്ടിയെ പിന്തുണക്കുന്നത്. 2006ല്‍ 35 ശതമാനം പേരാണ് വിഎസിന് ഒപ്പമുണ്ടായിരുന്നത്. എല്‍.ഡി.എഫ് 46 ഉം  യു.ഡി.എഫ് 45 ഉം ശതമാനം വോട്ടു നേടും. വി.എസ് സര്‍ക്കാറിന്റെ പ്രവര്‍ത്തനം തൃപ്തികരമെന്ന് 65 ശതമാനവും അഭിപ്രായപ്പെട്ടു.

No comments:

Post a Comment