Sunday, May 15, 2011

പച്ചപ്പില്‍ നിറഞ്ഞ് മുസ്‌ലിംലീഗ്

 പച്ചപ്പില്‍ നിറഞ്ഞ് മുസ്‌ലിംലീഗ്
 മലപ്പുറം: വിവാദങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന ലീഗ് നേതൃത്വത്തിന്റെ നിലപാടിന് അടിവരയിടുന്ന ഫലമാണ് ഇക്കുറി മുസ്‌ലിം ലീഗിന് ലഭിച്ചത്. മത്സരിച്ച 24 സീറ്റില്‍ 20ലും ജയിച്ച് ചരിത്രം സൃഷ്ടിക്കാനും മുസ്‌ലിംലീഗിന് കഴിഞ്ഞു. അതും മികച്ച ഭൂരിപക്ഷത്തോടെ.
1991ലാണ് മുസ്‌ലിംലീഗിന് ഏറ്റവും കൂടുതല്‍ നിയമസഭാ സമാജികരെ സൃഷ്ടിക്കാന്‍ കഴിഞ്ഞത്. അന്ന് 22 സീറ്റില്‍ മത്സരിച്ച് 19 മണ്ഡലങ്ങളില്‍ വിജയിച്ചു. 96ലെ തെരഞ്ഞെടുപ്പില്‍ 23ല്‍ മത്സരിച്ചെങ്കിലും 13 ഇടത്തുമാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. 2006ല്‍ 21 മണ്ഡലങ്ങളില്‍ മത്സരിച്ചെങ്കിലും എട്ട് സീറ്റില്‍ മാത്രമാണ് ജയിച്ചത്. ഏറ്റവും വലിയ തിരിച്ചടി നേരിട്ട ഈ തെരഞ്ഞെടുപ്പില്‍നിന്ന് അതിശക്തമായ തിരിച്ചുവരവാണ് മുസ്‌ലിംലീഗിന്റെ നേട്ടം.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ ജേതാക്കളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും മുസ്‌ലിംലീഗിന്‍േറതാണ്. മലപ്പുറം മണ്ഡലത്തില്‍ പി. ഉബൈദുല്ല, വേങ്ങരയില്‍ പി.കെ. കുഞ്ഞാലിക്കുട്ടി, കോട്ടക്കലില്‍ എം.പി. അബ്ദുസ്സമദ് സമദാനി. മലപ്പുറം ജില്ലയില്‍ 12 സീറ്റില്‍ മത്സരിച്ച് മുഴുവന്‍ സീറ്റിലും വന്‍ ഭൂരിപക്ഷത്തിന് ജയിക്കാന്‍ കഴിഞ്ഞു എന്നതാണ് മറ്റൊരു നേട്ടം. കോഴിക്കോട് സൗതില്‍ ഡോ. എം.കെ. മുനീര്‍, അഴീക്കോട് സീറ്റില്‍ കെ.എം. ഷാജി എന്നിവര്‍ പരാജയപ്പെടുമെന്ന് സന്ദേഹമുണ്ടായിരുന്നുവെങ്കിലും ജയിച്ചുകയറിയത് ആഭ്യന്തരമായിതന്നെ മുസ്‌ലിംലീഗിന് വലിയ ആശ്വാസമാണ്.
കോഴിക്കോട് ജില്ലയില്‍ അഞ്ചിടത്ത് മത്സസരിച്ചെങ്കിലും മൂന്നിടത്താണ് ലീഗ് സ്ഥാനാര്‍ഥികള്‍ ജയിച്ചത്. തിരുവമ്പാടിയിലും കൊടുവള്ളിയിലും ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റാണ് മുസ്‌ലിംലീഗ് പിടിച്ചെടുത്ത്. കുന്ദമംഗലത്ത് സിറ്റിങ് സീറ്റാണ് മുസ്‌ലിംലീഗിലെ യു.സി. രാമന് നഷ്ടപ്പെട്ടത്. കുറ്റിയാടിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവാണ് ലീഗിന് വിനയായത്. ബോംബ്‌രാഷ്ട്രീയം വടകര താലൂക്കില്‍ സജീവ ചര്‍ച്ചാ വിഷയമാക്കാന്‍ ഇതുമൂലം ഇടതുമുന്നണിക്ക് കഴിഞ്ഞു. അവിടെ മറ്റു സീറ്റുകള്‍ ഐക്യമുന്നണിക്ക് നഷ്ടമാകാനും സൂപ്പിയുടെ സ്ഥാനാര്‍ഥിത്വം കാരണമായി.
2001ല്‍ പി.കെ.കെ. ബാവ 9526 വോട്ട് ഭൂരിപക്ഷത്തിന് ജയിച്ച ഗുരുവായൂരില്‍ അശ്‌റഫ് കോക്കൂരിനെ മുസ്‌ലിംലീഗ് നിയോഗിച്ചെങ്കിലും 2006ല്‍ നഷ്ടപ്പെട്ട സീറ്റ് വീണ്ടെടുക്കാനായില്ല. സിറ്റിങ് എം.എല്‍.എ കെ.വി. അബ്ദുല്‍ഖാദര്‍ സീറ്റ് നിലനിര്‍ത്തുകയായിരുന്നു. ഇവിടെ ഇടതുസ്ഥാനാര്‍ഥിയുടെ ലീഡ് 12,309ല്‍നിന്ന് 9968 ആയി കുറക്കാന്‍ കഴിഞ്ഞുവെന്നു മാത്രം.
ഇരവിപുരത്ത് ലീഗ് നേതൃത്വം പി.കെ.കെ. ബാവയുടെ വിജയം പ്രതീക്ഷിച്ചെങ്കിലും 8012 വോട്ടിന് ബാവ പരാജയപ്പെട്ടു. ആര്‍.എസ്.പിയിലെ എ.എ. അസീസ് സീറ്റ് നിലനിര്‍ത്തി.
മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ യുവനേതാവായ അഡ്വ. എന്‍. ഷംസുദ്ദീനെ നിര്‍ത്തി ഇടതുമുന്നണിയില്‍നിന്ന് സീറ്റ് പിടിച്ചെടുക്കാന്‍ കഴിഞ്ഞു. സി.പി.ഐയിലെ വി. ചാമുണ്ണിയെ 8258 വോട്ടിനാണ് ലീഗ് സ്ഥാനാര്‍ഥി തോല്‍പ്പിച്ചത്. കളമശ്ശേരിയില്‍ മുന്‍ വ്യവസായ മന്ത്രിയും മട്ടാഞ്ചേരിയിലെ സിറ്റിങ് എം.എല്‍.എ.യുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് 7789 വോട്ട് ലീഡിന് ജയിച്ചതും ആശ്വാസമായി.
കാസര്‍കോട് മണ്ഡലത്തില്‍ മുന്‍ ഐ.എന്‍.എല്‍ നേതാവ് കൂടിയായ എന്‍.എ. നെല്ലിക്കുന്നാണ്  മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയായി ജയിച്ചത്. ഇവിടെയും മഞ്ചേശ്വരത്തും താമര വിരിയുന്നത് തടയാന്‍ കഴിഞ്ഞു എന്നതാണ് മുസ്‌ലിംലീഗിനെ സന്തോഷിപ്പിക്കുന്നത്. മഞ്ചേശ്വരത്ത് മുസ്‌ലിംലീഗിലെ പി.ബി. അബ്ദുല്‍റസാക്ക് 5828 ലീഡിനാണ് ജയിച്ചത്. രണ്ടിടത്തും ഇടത് സ്ഥാനാര്‍ഥികള്‍ മൂന്നാംസ്ഥാനത്തായി. മുന്നണിയില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഏറ്റവും വലിയ ശക്തിയായി മാറാനും മുന്നണിയിലെ രണ്ടാംസ്ഥാനക്കാരാകാനും കഴിഞ്ഞു എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിന്റെ ഏറ്റവും വലിയ നേട്ടം.

No comments:

Post a Comment