Saturday, May 14, 2011

എതിരാളികളില്ലാതെ ഉബൈദുല്ല

മലപ്പുറം: സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കി മലപ്പുറം  ലീഗിന്റെ അഭിമാന മണ്ഡലമായി. എതിരാളിയെ നിഷ്പ്രഭമാക്കിയാണ് പി. ഉബൈദുല്ല  വെന്നിക്കൊടി പാറിച്ചത്.
ജനതാദള്‍ എസിലെ മഠത്തില്‍ സാദിഖലിക്ക് പൊരുതാനുള്ള ശേഷി പോലും ഉണ്ടായില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു.
ലീഗിന്റെ ടിക്കറ്റില്‍ ആരു മത്സരിച്ചാലും ജയിക്കുന്ന മലപ്പുറത്ത് പ്രചാരണ നാളുകളില്‍ ഉബൈദുല്ലയോട് ഭൂരിപക്ഷത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി 25000 എന്നായിരുന്നു. എന്നാല്‍, ഫലം വന്നപ്പോള്‍ പ്രതീക്ഷിച്ചതിലും 15000 വോട്ട് കൂടുതല്‍ കിട്ടി. ഉബൈദുല്ലക്ക് 77928 വോട്ട് കിട്ടിയപ്പോള്‍ സാദിഖലിക്ക് കിട്ടിയത് 33420.
3968 വോട്ടുമായി എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി സാദിഖ് നടുത്തൊടി മൂന്നാം സ്ഥാനത്തെത്തി. ബി.ജെ.പിയുടെ ടിക്കറ്റില്‍ മത്സരിച്ച കെ. വേലായുധന്‍ 3841 വോട്ടുമായി നാലാമതെത്തി. പ്രചാരണ ഘട്ടത്തില്‍ തന്നെ എതിരാളിയെ ബഹുദൂരം പിന്നിലാക്കാനായതാണ് ഉബൈദുല്ലക്ക് നേട്ടമായത്. മുസ്‌ലിം സംഘടനകളുടെ ഒന്നിച്ചുള്ള പിന്തുണയും മുതല്‍ക്കൂട്ടായി. ജനതാദളിന് വേരുകളില്ലാത്ത മണ്ഡലത്തില്‍ സാദിഖലി പലപ്പോഴും ഒറ്റക്കാണ് വോട്ടു തേടിയത്.
ഐ.എന്‍.എല്‍ പ്രവര്‍ത്തകരാണ് പേരിനെങ്കിലും അകമ്പടിയായുണ്ടായിരുന്നത്. ശക്തനായ എതിരാളിയായിട്ടും സി.പി.എം അണികള്‍  പ്രചാരണത്തിലെവിടെയും സജീവമായിരുന്നില്ല. സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുമുന്നണി നിര്‍ജീവമായതും പ്രചാരണം പിറകോട്ടു പോയതും ഉബൈദുല്ലയുടെ തകര്‍പ്പന്‍ വിജയത്തിന് ആക്കം കൂട്ടുകയായിരുന്നു.  മലപ്പുറം നഗരസഭ, കോഡൂര്‍, ആനക്കയം, പൂക്കോട്ടൂര്‍, പുല്‍പ്പറ്റ, മൊറയൂര്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളെല്ലാം ലീഗിനൊപ്പം നിന്നു. 2006ല്‍ ലീഗിലെ അഡ്വ. എം. ഉമ്മര്‍ 30,560 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ നിന്ന് ജയിച്ചത്.

No comments:

Post a Comment