Wednesday, May 11, 2011

കെട്ടിട നികുതി പരിഷ്‌കരണം: തിരൂരില്‍ പാര്‍പ്പിട കെട്ടിടങ്ങളെ നാല് ഗണങ്ങളാക്കും

തിരൂര്‍: സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച കെട്ടിട നികുതി നിര്‍ണയ പരിഷ്‌ക്കരണം നടപ്പാക്കുമ്പോള്‍ പാര്‍പ്പിട കെട്ടിടങ്ങളെ നാലു ഗണങ്ങളായി തിരിച്ച് നികുതി ഈടാക്കാന്‍ തിരൂര്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
പുതിയ നിയമമനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവയും നികുതി നല്‍കണം. വാണിജ്യ, വ്യവസായ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കെട്ടിടങ്ങളുടെ നികുതിയും നഗരസഭ നിശ്ചയിച്ചു.
75 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ ചതുരശ്ര മീറ്ററിന് ആറ് രൂപ വീതം നല്‍കണം. 76 മുതല്‍ 220 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ ഒമ്പത് രൂപയും 201 മുതല്‍ 300 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ ചതുരശ്ര മീറ്ററിന് 12 രൂപയും നല്‍കണം. 301 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകളും ചതുരശ്ര മീറ്ററിന് 15രൂപ വീതം നല്‍കണം. സാധാരണക്കാര്‍ക്ക് നികുതി വര്‍ധന ബാധ്യതയായി മാറരുതെന്ന അഭിപ്രായം പരിഗണിച്ചാണ് 75 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കിയാല്‍ മതിയെന്ന് കൗണ്‍സില്‍ തീരുമാനിച്ചത്. ഇ.എം.എസ്. ഭവന പദ്ധതി, ജനകീയാസൂത്രണം, മറ്റ് ഭവന സഹായ പദ്ധതികള്‍ എന്നിവ മുഖേന നിര്‍മിച്ച വീടുകള്‍ പൂര്‍ണമായും ഈ ഗണത്തില്‍പെടും.
100 ചതുരശ്ര മീറ്റര്‍ വരെയുള്ള ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ഷോപ്പുകള്‍, ഗോഡൗണ്‍ എന്നിവ ചതുരശ്ര മീറ്ററിന് 60 രൂപയും 100ന് മുകളിലുള്ളവ ചതുരശ്ര മീറ്ററിന് 80 രൂപയും നല്‍കണം. 200 ചതുരശ്ര മീറ്റര്‍ വരെ തറ വിസ്തീര്‍ണമുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഷോപ്പിങ് മാളുകള്‍ക്കും ചതുരശ്ര മീറ്ററിന് 60 രൂപയും 200ന് മുകളിലുള്ളവക്ക് 120 രൂപയുമാണ് നികുതി നിശ്ചയിച്ചത്. ഓഫിസ് കെട്ടിടങ്ങള്‍ക്ക് ചതുരശ്ര മീറ്ററിന് 60 രൂപ നല്‍കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ക്ക് ചതുരശ്ര മീറ്ററിന് 12 രൂപ വീതം ഈടാക്കും. കണ്‍വെന്‍ഷന്‍ സെന്ററുകള്‍, മണ്ഡപങ്ങള്‍, സിനിമാ തിയറ്റര്‍, ഓഡിറ്റോറിയം, ലോഡ്ജ് എന്നിവയുടെ നികുതി ചതുരശ്ര മീറ്ററിന് 50 രൂപയാണ്. വ്യവസായാവശ്യത്തിനുള്ള കയര്‍ പിരിഷെഡ്, മത്സ്യ സംസ്‌കരണ ഷെഡ്, കോഴി വളര്‍ത്തല്‍ ഷെഡ്, കൈത്തൊഴില്‍ ഷെഡ്, തടി മില്‍ എന്നിവ ചതുരശ്ര മീറ്ററിന് 20 രൂപ വീതമാണ് നികുതിയൊടുക്കേണ്ടത്. റിസോര്‍ട്ടുകള്‍ക്ക് 80ഉം വ്യവസായങ്ങള്‍ക്ക് 60ഉം അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ക്ക് നാല്‍പ്പതുമാണ് ചതുരശ്ര മീറ്ററിന് നിശ്ചയിച്ചത്. മൊബൈല്‍ ഫോണ്‍ ടവറുകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന പരമാവധി തുകയായ 500 രൂപ ചതുരശ്ര മീറ്ററിന് ചുമത്തും.
നഗരസഭാ രേഖയനുസരിച്ച് ചെറിയ വീടുകളായിരുന്നവ പലതും ഇന്ന് വലിയ വീടുകളായിട്ടുണ്ടെന്നും ഇവ കണ്ടെത്താന്‍ ഉദ്യോഗസ്ഥരും നഗരസഭാ കൗണ്‍സിലര്‍മാരും അടങ്ങുന്ന സംയുക്ത സമിതി രൂപവത്കരിച്ച് പരിശോധന നടത്തിയാകണം നികുതി ഈടാക്കേണ്ടതെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നികുതി ചുമത്തിത്തുടങ്ങിയാല്‍ പരാതികള്‍ ഉയരാന്‍ ഇടയുണ്ടെന്ന് കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.
നഗരസഭാധ്യക്ഷ കെ. സഫിയ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി. രാമന്‍കുട്ടി, സ്ഥിരംസമിതി അധ്യക്ഷന്മാരായ കോയക്കുട്ടി ഹാജി, പി.ഐ. റൈഹാനത്ത്, കെ.കെ. അബ്ദുല്‍സലാം, കല്‍പ്പ ബാവ, പി.പി. ലക്ഷ്മണന്‍, അബ്ദുറഹ് മാന്‍, സൈതലവി, അബ്ദു, കെ.പി. ഹനീഫ തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment