Sunday, May 15, 2011

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ബുധനാഴ്ച

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ബുധനാഴ്ച
തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാറിനെ ഉമ്മന്‍ചാണ്ടി നയിക്കും. ഞായറാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം നേതാവായി ഉമ്മന്‍ചാണ്ടിയെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കില്ല. കക്ഷി നേതാക്കള്‍ക്കൊപ്പം മുഖ്യമന്ത്രി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഞായറാഴ്ച രാത്രി യു.ഡി.എഫ് കക്ഷി നേതാക്കള്‍ക്കൊപ്പം ഗവര്‍ണറെ കണ്ട ഉമ്മന്‍ചാണ്ടി തന്നെ യു.ഡി.എഫ് നേതാവായി തെരഞ്ഞെടുത്ത വിവരം അറിയിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തെരഞ്ഞെടുപ്പിന് മുമ്പേ ഉയര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് പ്രതിപക്ഷനേതാവായ ഉമ്മന്‍ചാണ്ടിയുടെ പേര് മാത്രം മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടത്. 1970 മുതല്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഉമ്മന്‍ചാണ്ടി രണ്ടാംതവണയാണ് മുഖ്യമന്ത്രിയാകുന്നത്.
വൈകുന്നേരം ചേര്‍ന്ന യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗവും ഉമ്മന്‍ചാണ്ടിയെ നേതാവായി തെരഞ്ഞെടുത്തു. ബുധനാഴ്ച സത്യപ്രതിജ്ഞ നടത്താനും തീരുമാനിച്ചു. മുഖ്യമ്രന്തിക്കൊപ്പം കക്ഷി നേതാക്കളും മന്ത്രിമാരായി സത്യപ്രതിജ്ഞ  ചെയ്യും. എല്ലാ കക്ഷികളുടെയും നേതാക്കള്‍ സത്യപ്രതിജ്ഞ ചെയ്യുമെങ്കിലും ആരൊക്കെയെന്ന് തിങ്കളാഴ്ച തീരുമാനിക്കും. മറ്റ് മന്ത്രിമാരെ പിന്നിട് തീരുമാനിക്കും.
കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് കക്ഷി നേതാവായി ഉമ്മന്‍ചാണ്ടിയെ നിര്‍ദേശിച്ചത്. ആര്യാടന്‍ മുഹമ്മദും ജി.കാര്‍ത്തികേയനും പിന്താങ്ങി.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം മുഹ്‌സിന കിദ്വായി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം. എല്‍.എ മാരുടെ യോഗം ചേര്‍ന്നത്. കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കാനുള്ള അധികാരം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കൈമാറി യോഗത്തില്‍ പ്രമേയം അവതരിപ്പിക്കപ്പെട്ടു. രമേശ് ചെന്നിത്തല അവതരിപ്പിച്ച പ്രമേയത്തെ ഉമ്മന്‍ചാണ്ടി പിന്താങ്ങി. അതോടെ യോഗം അവസാനിച്ചു.
തുടര്‍ന്ന് മുഹ്‌സിന കിദ്വായിയും  മധുസൂദന മിസ്ത്രിയും കോണ്‍ഗ്രസ് എം.എല്‍.എമാരെ ഒറ്റക്കൊറ്റക്ക് വിളിച്ച് അഭിപ്രായം ആരാഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പേര് മാത്രമാണ് എല്ലാവരും നിര്‍ദേശിച്ചതെന്ന് അറിയുന്നു. പിന്നീട് ഇക്കാര്യവും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ ധരിപ്പിച്ചതിന് ശേഷമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉമ്മന്‍ചാണ്ടിയെ നിര്‍ദേശിച്ചത്.
തുടര്‍ന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം മാധ്യമപ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്നു.  കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിനേതാവായി ഉമ്മന്‍ചാണ്ടിയെ നിര്‍ദേശിക്കുന്നതായി രമേശ് ചെന്നിത്തല അറിയിച്ചു.  ആര്യാടനും കാര്‍ത്തികേയനും പിന്താങ്ങിയതോടെ നേതാവിനെ തെരഞ്ഞെടുക്കുന്ന നടപടി പൂര്‍ത്തിയായി.
എം.എല്‍.എമാര്‍ക്ക് പുറമെ യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനും യോഗത്തില്‍ സംബന്ധിച്ചു.

No comments:

Post a Comment