Tuesday, May 3, 2011

അജയ് മല്‍ഹോത്ര പടിയിറങ്ങി; ചാരിതാര്‍ത്ഥ്യത്തോടെ...

അജയ് മല്‍ഹോത്ര പടിയിറങ്ങി; ചാരിതാര്‍ത്ഥ്യത്തോടെ...
കുവൈത്ത് സിറ്റി:  രണ്ടുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി  അംബാസഡര്‍ അജയ് മല്‍ഹോത്ര കുവൈത്തിനോട് വിട ചൊല്ലി. ഇന്നലെ പദവി ഒഴിഞ്ഞ അദ്ദേഹം നാട്ടിലേക്ക് യാത്രതിരിച്ചു. റഷ്യയിലാണ് പുതിയ നിയമനം.
ഈ മാസം 16ന് അദ്ദേഹം മോസ്‌കോയിലെ ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേല്‍ക്കും. വിട പറയുന്നതിനായി അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ജാബിര്‍ അസ്വബാഹുമായി അജയ് മല്‍ഹോത്ര കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി.
പുതിയ അംബാസഡറുടെ നിയമനം വരെ ഫസ്റ്റ് സെക്രട്ടറി വിധു പി നായര്‍ ആയിരിക്കും ചാര്‍ജ് ഡി അഫയേര്‍സ്. ഇന്ത്യ-കുവൈത്ത് ബന്ധത്തില്‍ നിര്‍ണായകമായ വളര്‍ച്ച ഉണ്ടാക്കിയെടുത്താണ് മല്‍ഹോത്ര യാത്ര  പറഞ്ഞത്.
അതോടൊപ്പം തന്നെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട അദ്ദേഹം ജനകീയ പ്രതിഛായയും നേടിയെടുത്തു. അജയ് മല്‍ഹോത്ര കുവൈത്തില്‍ ചുമതലയേറ്റ് ആഴ്ചകള്‍ക്കകം തന്നെ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ കുവൈത്ത് സന്ദര്‍ശനം ഒരുക്കിയത് പരസ്‌പര സൗഹൃദത്തില്‍ പുതിയ ഉണര്‍വാണ് പകര്‍ന്നത്.
കാരണം, പതിറ്റാണ്ടുകളുടെ ഇടവേളക്ക് ശേഷം ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നടന്ന ഒരു വി.വി.ഐ.പി സന്ദര്‍ശനമായിരുന്നു അത്. തുടര്‍ന്ന് വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയും കുവൈത്തിലെത്തി. കുവൈത്ത് കാബിനറ്റിലെ ഏതാനും മന്ത്രിമാര്‍ ഇന്ത്യയിലും സന്ദര്‍ശനം നടത്തി.  പീഡനത്തിനിരയാകുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്കായി  മികച്ച നിലവാരത്തിലുള്ള അഭയകേന്ദ്രം ഒരുക്കിയതാണ് അജയ് മല്‍ഹോത്രയുടെ പ്രവാസി ക്ഷേമ പദ്ധതികളില്‍ എടുത്തു പറയേണ്ടത്. മറ്റ് ജി.സി.സി രാജ്യങ്ങളിലെ എംബസികള്‍ക്ക് മാതൃകയായാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കുവൈത്തിലെ എംബസി അഭയകേന്ദ്രത്തെ വിശേഷിപ്പിച്ചത്.
ഗാര്‍ഹിക തൊഴിലാളികള്‍ക്കായുള്ള ഹെല്‍പ് ലൈന്‍, പൊതുമാപ്പില്‍ മടങ്ങുന്ന നിര്‍ധനര്‍ക്ക് എംബസി ടിക്കറ്റ് നല്‍കിയത്,  കമ്യൂണിറ്റി  വെല്‍ഫേര്‍ ഫണ്ടിലേക്കുള്ള ഫീസ് നിര്‍ത്തലാക്കിയത് തുടങ്ങിയ  നടപടികളാണ് അജയ് മല്‍ഹോത്രയെ ജനകീയനാക്കി മാറ്റിയത്.

No comments:

Post a Comment