Friday, May 6, 2011

ഇറച്ചിക്കോഴിയുടെ വില കുതിക്കുന്നു

ഇറച്ചിക്കോഴിയുടെ വില കുതിക്കുന്നു
നേരിട്ട് ഇറക്കുമതി ചെയ്യാന്‍ ജംഇയ്യകളുടെ യൂനിയന്‍ നീക്കം
കുവൈത്ത്‌സിറ്റി: ശീതീകരിച്ച ഇറച്ചിക്കോഴിയുടെ  വില കുത്തനെ കൂടുന്നത് തടയാന്‍ ജംഇയ്യകള്‍ സംയുക്തമായി നടപടിക്ക് ഒരുങ്ങുന്നു. ജംഇയ്യകള്‍ സംയുക്തമായി ഇറച്ചിക്കോഴി നേരിട്ട് ഇറക്കുമതി ചെയ്യാനാണ് നീക്കം. ഇതിലൂടെ നിലവിലുള്ള വിപണി വിലയില്‍ നിന്ന് 25  ശതമാനം വരെ കുറവില്‍ ശീതീകരിച്ച ഇറച്ചിക്കോഴി നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജംഇയ്യകളുടെ യൂനിയന്‍ ചെയര്‍മാന്‍ ഡോ. ഹുസൈന്‍ അല്‍ ദുവൈസ് പറഞ്ഞു.
ശീതീകരിച്ച കോഴി ഇറച്ചിയുടെ വില കഴിഞ്ഞ ഏതാനും മാസങ്ങളായി കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്.  കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നതിന്റെ ഇരട്ടിയോളം വില വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, വില വീണ്ടും മുകളിലേക്ക് പോയിക്കൊണ്ടിരിക്കുകയുമാണ്.  ജംഇയ്യകള്‍ക്ക് ഇറച്ചിക്കോഴി നല്‍കുന്ന ഏജന്‍സികള്‍ വില വീണ്ടും വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നേരിട്ട് ഇറക്കുമതി ചെയ്യുന്നതിന്റെ സാധ്യതകള്‍ അന്വേഷിക്കാന്‍ ജംഇയ്യകള്‍ തീരുമാനിച്ചത്.
ഏതുരാജ്യത്തുനിന്നാണ് കോഴി ഇറച്ചി ഇറക്കുമതി ചെയ്യാന്‍ പോകുന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തില്‍ വിവിധ ഏജന്‍സികളുമായി ചര്‍ച്ച നടന്നുവരികയാണെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. ജംഇയ്യകള്‍ എല്ലാം ചേര്‍ന്ന്  വലിയ അളവില്‍ ഇറച്ചിക്കോഴി ഇടത്തട്ടുകാരെ ഒഴിവാക്കി ഉല്‍പാദകരില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുമ്പോള്‍ ലഭിക്കുന്ന ആദായമാണ് 25 ശതമാനം വിലക്കുറവില്‍ വില്‍പന നടത്താന്‍ സാധിക്കുമെന്ന് ജംഇയ്യ യൂനിയന്‍ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനമെന്നും യൂനിയന്‍ ചെയര്‍മാന്‍ പറഞ്ഞു.
ശീതീകരിച്ച കോഴി ഇറച്ചിയുടെ വില വര്‍ധന പ്രവാസി കുടുംബങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍, മറ്റ് സാധനങ്ങളുടെ വിലക്കൊപ്പം കോഴി ഇറച്ചിയുടെ വിലയും കുതിച്ചുയരുന്നത് ഹോട്ടല്‍ വ്യാപാരികളെയും മെസ്സ് നടത്തിപ്പുകാരെയുമാണ് സാരമായി ബാധിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വില പിടിച്ചുനിര്‍ത്താന്‍ ജംഇയ്യ യൂനിയന്‍ നടത്തുന്ന ഇടപെടല്‍ പ്രതീക്ഷയോടെയാണ് ഈ വിഭാഗം കാത്തിരിക്കുന്നത്.

No comments:

Post a Comment