ന്യൂദല്‍ഹി: അല്‍ഖാഇദ നേതാവ് ബിന്‍ലാദിന്‍ പാകിസ്താനില്‍ കൊല്ലപ്പെട്ടത് ഏറെ ആശങ്ക സൃഷ്ടിക്കുന്നതായി ഇന്ത്യ. പാക് മണ്ണില്‍ സുരക്ഷിതരായി കഴിയുന്ന മുംബൈ തീവ്രവാദി ആക്രമണ കേസിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ആ രാജ്യം തയാറാകണമെന്ന ആവശ്യവും ഇന്ത്യ ശക്തമായി ഉന്നയിക്കും. പാക് മണ്ണിലെ തീവ്രവാദ ഘടകങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ പാകിസ്താനെ പ്രേരിപ്പിക്കണമെന്നും ഇന്ത്യ ഇന്നലെ അമേരിക്കയോട് ആവശ്യപ്പെട്ടു.
മുംബൈ ആക്രമണത്തോടെ തകര്‍ന്ന ഇന്ത്യ^പാക് ബന്ധം മെച്ചപ്പെടുത്താന്‍ ഇരു രാജ്യങ്ങളും ശക്തമായ നീക്കം നടത്തി വരുകയാണിപ്പോള്‍. ക്രിക്കറ്റ് നയതന്ത്രത്തിലൂടെ കഴിഞ്ഞ മാസം ഇതിന് ആക്കം കൂട്ടാനും ഇരു രാജ്യങ്ങളിലെ നേതാക്കളും മുന്‍കൈയെടുത്തു. മെഹാലിയില്‍ നടന്ന ക്രിക്കറ്റ് മാച്ച് കാണാന്‍ പാക് പ്രധാനമന്ത്രി വന്നത് ഉഭയകക്ഷി ബന്ധങ്ങളില്‍ ഹൃദ്യത പകര്‍ന്നു. ആഭ്യന്തര, വാണിജ്യ സെക്രട്ടറിതല ചര്‍ച്ചകളും വിജയകരമായി നടന്നു.എന്നാല്‍ ബിന്‍ലാദിന്‍ കൊല ഉഭയകക്ഷി ബന്ധത്തില്‍ വഴിത്തിരിവാകുന്ന സൂചനയാണ് പുറത്തു വരുന്നത്. പാക് മണ്ണില്‍ ഇത്രയും കാലം ഉസാമ ബിന്‍ലാദിന്‍ കഴിഞ്ഞു എന്നതു തന്നെ ആ രാജ്യത്തിന് തീവ്രവവാദവിരുദ്ധ പോരാട്ടത്തില്‍ ആത്മാര്‍ഥമല്ലെന്നതിന്റെ തെളിവായും ഇന്ത്യ കുറ്റപ്പെടുത്തുന്നു.പാകിസ്താന്റെ മണ്ണില്‍ നിന്ന് ആഗോള തീവ്രവാദി ഉസാമ ബിന്‍ലാദിനെ വകവരുത്തി എന്നത് കടുത്ത ആശങ്ക ഉയര്‍ത്തുന്നതായി ആഭ്യന്തര മന്ത്രി പി. ചിദംബരം പറഞ്ഞു.
രണ്ടു ഭാഗത്തും ചേര്‍ന്നു കളിക്കുന്ന പാക് നീക്കം ആപല്‍ക്കരമായ സാഹചര്യമാകും മേഖലയില്‍ സൃഷ്ടിക്കുകയെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി..
അതിനിടെ, അല്‍ഖാഇദ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ ബിന്‍ലാദിന്റെ കൊല വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പറഞ്ഞു.
നിരപരാധികളെ കൊന്നൊടുക്കുന്ന അപരിഷ്കൃത വിഭാഗങ്ങളെ അമര്‍ച്ച ചെയ്യാന്‍ പാകിസ്താന്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര സമൂഹം ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അറിയിച്ചു.
ഭീകരതക്കെതിരായ യുദ്ധത്തിലെ വിജയകരമായ നാഴികക്കല്ലാണ് ഉസാമ വധമെന്ന് വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
No comments:
Post a Comment