Sunday, May 1, 2011

'നാസ് ' കോഴിക്കോട്ടേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നു

'നാസ് ' കോഴിക്കോട്ടേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നു
റിയാദ്: നാസ് എയര്‍വേയ്‌സ് സൗദിയില്‍നിന്ന് കരിപ്പൂരിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ചു. ദമ്മാമില്‍നിന്ന്  നേരിട്ട് പുതിയ രണ്ട് സര്‍വീസ് ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെ സൗദിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള സര്‍വീസുകളുടെ എണ്ണം എട്ടായി വര്‍ധിപ്പിച്ചു. ഇത് പ്രകാരം ജിദ്ദയില്‍നിന്ന് പ്രതിവാരം ഇനി ആറ് സര്‍വീസുകള്‍ ഉണ്ടാവും. ഇതില്‍ രണ്ടെണ്ണം ദമ്മാം വഴിയും മൂന്നെണ്ണം റിയാദ് കിങ് ഖാലിദ് വിമാനത്താവളം വഴിയുമായിരിക്കും. ഇതോടൊപ്പം റിയാദില്‍നിന്ന് നേരിട്ട് രണ്ട് സര്‍വീസുകളും ഉണ്ടാകും. റിയാദ് യാത്രക്കാര്‍ക്ക് അഞ്ചും  ജിദ്ദ യാത്രക്കാര്‍ക്ക് ആറും സര്‍വീസുകളുടെ സേവനവും ദമ്മാം യാത്രക്കാര്‍ക്ക് രണ്ട് സര്‍വീസുകളുടെ സേവനവും ലഭിക്കും വിധമാണ് ഷെഡ്യൂള്‍ പുനഃക്രമീകരിച്ചത്. മേയ് മൂന്ന് മുതല്‍ പുതിയ ഷെഡ്യൂള്‍ പ്രാബല്യത്തില്‍ വരും. ജിദ്ദയില്‍നിന്ന് ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ രണ്ട് വീതവും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഒരോ സര്‍വീസുമുണ്ടാവും. റിയാദില്‍ നിന്ന് ഞായറാഴ്ച്ച രണ്ട് സര്‍വീസുകളുടെയും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഓരോ സര്‍വീസുകളുടെയും സൗകര്യം ലഭിക്കും. ദമ്മാമില്‍നിന്ന് ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് യാത്ര പുറപ്പെടുക. എയര്‍ ഇന്ത്യ, സൗദി എയര്‍ലൈന്‍സ് തുടങ്ങിയ വിമാനകമ്പനികള്‍ കൂടാതെ നാസ് എയര്‍ലൈന്‍സ് മാത്രമാണ് സൗദിയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്.
മറ്റ് ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും റദ്ദ് ചെയ്തതായി നാസ് എയര്‍ വൃത്തങ്ങള്‍ അറിയിച്ചു. നാസ് എയറിന്റെ രാജ്യാന്തര സര്‍വീസുകളെ കുറിച്ച് പഠനം നടത്തിയ കണ്‍സള്‍ട്ടന്റ് ഏജന്‍സിയുടെ വിദഗ്ധ ഉപദേശം പരിഗണിച്ചാണ് കൊച്ചി, മുംബൈ, ന്യൂദല്‍ഹി ഉള്‍പ്പെടെ ഇന്ത്യന്‍ നഗരങ്ങളിലേക്ക് നടത്തിയിരുന്ന സര്‍വീസുകള്‍ റദ്ദ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അതിനിടെ, റദ്ദാക്കിയ കൊച്ചി റൂട്ടില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ബദല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. താല്‍പര്യമുള്ള യാത്രക്കാര്‍ക്ക് കരിപ്പൂരിലേക്കുള്ള സര്‍വീസുകള്‍ ഉപയോഗപ്പെടുത്താം. കരിപ്പൂരില്‍നിന്ന് കൊച്ചി യാത്രക്കാര്‍ക്കുള്ള വാഹന ചെലവ് കമ്പനി വഹിക്കും. തിരിച്ചും.  ഇപ്പോള്‍ കൊച്ചി ടിക്കറ്റുമായി നാട്ടിലെത്തിയവര്‍ക്ക് കരിപ്പൂരിലെത്തി നാസ് എയര്‍വേയ്്‌സില്‍ തന്നെ യാത്ര ചെയ്യാം. ഈ സൗകര്യം ഉപയോഗപ്പെടുത്താത്തവര്‍ക്ക് ടിക്കറ്റ് ചാര്‍ജ് മടക്കി നല്‍കും. സൗദിയില്‍ ഇഷ്യൂ ചെയ്ത ടിക്കറ്റുകള്‍ ഇന്ത്യയിലെ നാസ് എയര്‍വേയ്‌സ് ജി.എസ്.എ യുമായി ബന്ധപ്പെട്ട് റീഫണ്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. യാത്രാ പുനഃക്രമീകരണത്തിനും ടിക്കറ്റ് റീഫണ്ടിങ്ങിനും യാത്രക്കാര്‍ നാസ് എയര്‍ കസ്റ്റമര്‍ സര്‍വീസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

സുനാമി തകര്‍ത്ത ജപ്പാനിലെ കുരുന്നുകള്‍ക്ക് സാന്ത്വനമായി കുവൈത്തിന്റെ കളിപ്പാട്ടങ്ങള്‍

കുവൈത്ത് സിറ്റി: രാക്ഷസത്തിരമാലകള്‍ നാശംവിതച്ച ജപ്പാനിലെ കുരുന്നുകള്‍ക്ക് കുവൈത്തിന്റെ സാന്ത്വനം. സുനാമിയില്‍ സര്‍വ്വവും നശിച്ച ജപ്പാനിലെ കെസന്നുമ പട്ടണത്തിലെ കുരുന്നുകള്‍ക്ക് കുവൈത്ത് സര്‍ക്കാര്‍ വക കളിക്കോപ്പുകളും ഉടുപ്പുകളും ഭക്ഷണവും വിതരണം ചെയ്തു.
ജപ്പാനിലെ കുവൈത്തി അംബാസഡര്‍ അബ്ദുല്‍ റഹിമാന്‍ അല്‍ ഉതൈബിയുടെ നേതൃത്വത്തില്‍ കുവൈത്തി നയതന്ത്രപ്രതിനിധി സംഘം കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പ് സന്ദര്‍ശിച്ചാണ് ഇവ നല്‍കിയത്.
കുട്ടികള്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്ത 240 ഫുട്ബാളുകള്‍ അംബാസഡര്‍ നേരിട്ട് വിതരണം  ചെയ്യുകയും ചെയ്തു. ജപ്പാന്‍ ദേശീയ ഫുട്ബാള്‍ ടീം അംഗം ത്യോഷി കിറ്റ്‌സാവയും ചടങ്ങില്‍ പങ്കെടുത്തു.
സുനാമിയില്‍ വീടും സ്‌കൂളുകളും എല്ലാം തകര്‍ന്ന ഈ തീരദേശ പട്ടണത്തില്‍ നിന്ന് അകലെയുള്ള താല്‍കാലിക ടെന്റുകളിലാണ് ഈ കുട്ടികളും കുടുംബങ്ങളും കഴിയുന്നത്.
 ദുരിത ജീവിതത്തിന്റെ നോവുകള്‍ അല്‍പനേരത്തേക്കെങ്കിലും മറക്കാന്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുട്ടികള്‍ക്ക് കളിക്കോപ്പുകളുമായി എത്തിയതെന്ന് അംബാസഡര്‍ അബ്ദുല്‍ റഹിമാന്‍ അല്‍ ഉതൈബി പറഞ്ഞു.

സര്‍ക്കാര്‍ വകുപ്പുകളില്‍ വിദേശികള്‍ക്ക് പകരം ബിദൂനികളെ നിയമിക്കുന്നു

സര്‍ക്കാര്‍ വകുപ്പുകളില്‍ വിദേശികള്‍ക്ക് പകരം ബിദൂനികളെ നിയമിക്കുന്നു
കുവൈത്ത് സിറ്റി: വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ വിദേശികള്‍ക്ക് പകരം ബിദൂനികളെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പിലെ  ഏതാനും തസ്തികകളില്‍ ബിദൂനികളെ നിയമിക്കാന്‍ മന്ത്രാലയം നടപടി തുടങ്ങി.  ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്റര്‍ തുടങ്ങിയ  ജോലികളിലാണ് ബിദൂനികള്‍ക്ക് നിയമനം നല്‍കുന്നത്. നിലവില്‍ ലേബര്‍ കോണ്‍ട്രാക്ട് കമ്പനികള്‍ക്ക് കീഴിലുള്ള വിദേശികളാണ് ഈ ജോലികള്‍ ചെയ്യുന്നത്.
ഇത്തരത്തില്‍ ചെയ്യുന്ന എല്ലാ ജോലികളിലും ബിദൂനികളെ നിയമിക്കാമെന്നാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്ന തീരുമാനം. ഇതോടെ ലേബര്‍ കോണ്‍ട്രാക്ട് കമ്പനികള്‍ക്ക് കീഴില്‍ വിദേശികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന തൊഴിലവസരങ്ങള്‍ ഗണ്യമായി കുറയും.  ബിദൂനികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടിയുടെ ഭാഗമായാണ് അവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നത്. തങ്ങള്‍ നേരിടുന്ന വിവേചനത്തിന് നേരെ ബിദൂനികള്‍ക്ക് ഇടയില്‍ ശക്തമായ അമര്‍ഷമാണ് നിലനില്‍ക്കുന്നത്.
പശ്ചിമേഷ്യയിലെ സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളുടെ പശ്ചാത്തലത്തില്‍ കുവൈത്തിലെ ബിദൂനികളും അവകാശസമരങ്ങളുമായി രംഗത്തുവന്നിരുന്നു. വന്‍തോതിലുള്ള വാര്‍ത്താപ്രാധാന്യം നേടിയ സമരത്തിലൂടെ ബിദൂനികള്‍ നേരിടുന്ന  മനുഷ്യാവകാശ ലംഘനം അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ പ്രതിഛായ കൂടുതല്‍ കളങ്കപ്പെടുന്നതില്‍ നിന്ന് രക്ഷപ്പെടുകയെന്ന നിലക്ക് ബിദൂനികള്‍ക്ക് സര്‍ക്കാര്‍ ചില ആനുകൂല്യങ്ങള്‍ നല്‍കുന്നത്.
ഇവര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങളും ജനന, വിവാഹ സര്‍ട്ടിഫിക്കറ്റും പാസ്‌പോര്‍ട്ടും അനുവദിക്കാന്‍ സര്‍ക്കാര്‍ ഇതിനകം തന്നെ നടപടി തുടങ്ങിയിട്ടുണ്ട്.  സര്‍ക്കാര്‍  ജോലി കൂടി പ്രാപ്യമാണെന്ന സാഹചര്യം വരുന്നതോടെ ബിദൂനികളുടെ അമര്‍ഷം തണുപ്പിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. സ്വദേശികളുടെ തൊഴില്‍ സാധ്യതയെ ബാധിക്കാത്ത വിധത്തില്‍ സ്വദേശികള്‍  സ്വീകരിക്കാന്‍ മടിക്കുന്ന  തസ്തികകളാണ് ബിദൂനികള്‍ക്ക് നല്‍കുകയെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

വൃക്കരോഗികള്‍ക്ക് ജില്ലാ പഞ്ചായത്ത് ഒരു കോടി സമാഹരിക്കുന്നു

മലപ്പുറം: ജില്ലയിലെ വൃക്കരോഗികളെ സഹായിക്കാന്‍ ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് രൂപവത്കരിച്ച കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തന മൂലധനം കണ്ടെത്താന്‍ മേയ് 22 മുതല്‍ 29 വരെ സാമൂഹിക വിഭവ സമാഹരണ വാരമായി ആചരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അപേക്ഷകളില്‍ ഏറ്റവും പാവപ്പെട്ട രോഗികള്‍ക്ക് മാത്രം ഒരു വര്‍ഷം ഡയാലിസിസ് നടത്താന്‍ ഒരു കോടി രൂപ ആവശ്യമാണ്. ജനകീയ പങ്കാളിത്തത്തോടെ ഈ തുക സമാഹരിക്കലാണ് ലക്ഷ്യം.
മേയ് പത്തിനും 13നും ഇടക്ക് ഗ്രാമപഞ്ചായത്ത് തലങ്ങളിലും 19നും 21നും ഇടക്ക് വാര്‍ഡ് തലങ്ങളിലും വിപുലമായ യോഗങ്ങള്‍ ചേരും.
22 മുതല്‍ 29 വരെ വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ വീടുകളും കച്ചവട സ്ഥാപനങ്ങളും കയറി സംഭാവന സമാഹരിക്കും. 27ന് മുസ്‌ലിം പള്ളികളിലും 29ന് ക്രിസ്ത്യന്‍ പള്ളികളിലും പ്രാര്‍ഥനക്കെത്തുന്ന വിശ്വാസികളില്‍നിന്ന് സംഭാവന സ്വീകരിക്കും. സര്‍ക്കാര്‍ ഓഫിസുകള്‍, പഞ്ചായത്ത് ഓഫിസുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ജീവനക്കാരുടെ സംഭാവനകള്‍ ഓഫിസ് മേധാവികളുടെ നേതൃത്വത്തില്‍ കാമ്പയിന്‍ കാലയളവില്‍ സ്വരൂപിക്കും. മേയ് 30ന് പ്രാദേശികമായി ലഭിച്ച സംഭാവനകളുടെ  പഞ്ചായത്ത്തല സമാഹരണം നടക്കും.
അന്ന് സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് ലഭിച്ച വിഹിതം ഓഫിസ് മേധാവികള്‍ ജില്ലാതല വകുപ്പ് മേധാവികള്‍ക്ക് കൈമാറും.
പൊതുജനങ്ങളില്‍നിന്ന് പിരിച്ചെടുത്ത തുക വാര്‍ഡ് അംഗങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെയും മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ മുനിസിപ്പല്‍ ചെയര്‍മാന്മാരെയും ഏല്‍പ്പിക്കും. അവര്‍ 31ന് ജില്ലാതല ചടങ്ങില്‍ തുക കൈമാറും.
സര്‍ക്കാര്‍, പഞ്ചായത്ത്, സഹകരണ ഓഫിസുകളില്‍ നിന്നുള്ള സംഭാവനകള്‍ ജില്ലാ മേധാവികള്‍ 31ന് നടക്കുന്ന ചടങ്ങില്‍ കൈമാറും.
പള്ളികളില്‍നിന്ന് പിരിച്ചെടുക്കുന്ന തുക മഹല്ല്, ഇടവക ഭാരവാഹികള്‍ സംഘടനാ നേതൃത്വത്തെ എല്‍പ്പിക്കുകയും അവര്‍ 31ന് ജില്ലാ പഞ്ചായത്തിന് കൈമാറുകയും ചെയ്യും.
കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം മേയ് 21ന് കോട്ടക്കലിലും സമാപന-സമാഹരണ ചടങ്ങ് 31ന് മലപ്പുറം ബസ്‌സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തിലും നടക്കും.
കാമ്പയിന്‍ വിജയത്തിന് തിങ്കളാഴ്ച രാവിലെ 11ന് ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്മാര്‍ എന്നിവരുടെ യോഗവും ഉച്ചക്ക് മൂന്നിന് സര്‍ക്കാര്‍ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍, സര്‍വീസ് സംഘടനാ നേതാക്കള്‍ എന്നിവരുടെയും ചൊവ്വാഴ്ച രാവിലെ 11ന് രാഷ്ട്രീയ, യുവജന സംഘടനാ നേതാക്കള്‍, ഉച്ചക്ക് മൂന്നിന് സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ആരോഗ്യ, വ്യാപാര, വാണിജ്യ, വ്യവസായ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ യോഗവും മേയ് അഞ്ചിന് രാവിലെ 11ന് മത സംഘടനാ ഭാരവാഹികളുടെയും ഉച്ചക്ക് ശേഷം സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, സഹകരണ വകുപ്പ് ജീവനക്കാരുടെ സംഘടനാ നേതാക്കള്‍ എന്നിവരുടെ യോഗങ്ങളും ജില്ലാ പഞ്ചായത്ത് ഹാളില്‍ വിളിച്ചുചേര്‍ക്കും.
നിര്‍ധന രോഗികള്‍ക്കായി നടത്തുന്ന ജനകീയ സംരംഭത്തോട് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞു, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ കെ.പി. ജല്‍സീമിയ, ജില്ലാ പഞ്ചായത്തംഗവും സൊസൈറ്റി സെക്രട്ടറിയുമായ ഉമ്മര്‍ അറക്കല്‍, ട്രഷറര്‍ ഡോ. അബൂബക്കര്‍ തയ്യില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.

എന്‍ഡോസള്‍ഫാന്‍: വേണ്ടവിധം പാര്‍ട്ടി ഇടപെട്ടില്ല; കെ.പി.സി.സി യോഗത്തില്‍ സുധീരന്റെ വിമര്‍ശം

 എന്‍ഡോസള്‍ഫാന്‍ വിഷയത്തിലെ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ കെ.പി.സി.സി രാഷ്ട്രീയ സമിതി യോഗത്തില്‍ വി.എം.സുധീരന്റെ രൂക്ഷ വിമര്‍ശം. കേന്ദ്രമന്ത്രിമാരായ ശരദ് പവാറും ജയറാം രമേശും സ്വീകരിച്ച നിലപാട് അംഗീകരിക്കാനാകില്ലെന്നും ഇവരുടെ നിലപാട് കേരളത്തില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വേണ്ടവിധം ഇടപെടാന്‍ കെ.പി.സി.സി നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് വിവരം.
എന്നാല്‍, കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല യോഗത്തെ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് കെ.പി.സി.സി എക്‌സിക്യൂട്ടീവ് നേരത്തേ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വേണ്ടവിധം പ്രതിരോധിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന് ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി. ദുരിതബാധിതര്‍ക്ക് പുനരധിവാസം ഒരുക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.
പിന്നീട് രാഷ്ട്രീയകാര്യ സമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍, മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ സമരങ്ങളും വിവാദങ്ങളും പ്രതിപക്ഷ നേതാവിന്റെ കുപ്പായം അണിയാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് രമേശ്  ചെന്നിത്തല കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിന്റെ റോള്‍ നിര്‍വഹിക്കാനുള്ള റിഹേഴ്‌സലാണ് ഇപ്പോള്‍ നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം ഉണ്ടാകുമെന്ന് യോഗം വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കേന്ദ്ര സഹായത്തോടെ പ്രത്യേക പാക്കേജ് നടപ്പാക്കും. സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ കേന്ദ്രം സ്വീകരിച്ച നിലപാട് തെറ്റായാണ് പ്രചരിച്ചത്്. വിഷയത്തില്‍ സമവായം ഉണ്ടാക്കണമെന്നും നിരോധിക്കുന്നതിന് പകരം കീടനാശിനിയെപ്പറ്റി തീരുമാനം വേണമെന്നും സഹായം വേണമെന്നുമാണ് കേന്ദ്രം ആവശ്യപ്പെട്ടത്. എന്നാല്‍, അതിനെ ചിലര്‍ വളച്ചൊടിക്കുകയായിരുന്നു. സര്‍ക്കാര്‍ പ്രതിനിധിയായി യോഗത്തില്‍ പങ്കെടുത്ത വ്യക്തി യഥാര്‍ഥ വിവരങ്ങളല്ല പുറത്തുവിട്ടത്. എല്‍.ഡി.എഫിന്റെ എന്‍ഡോസള്‍ഫാന്‍ പ്രചാരണത്തെ പ്രതിരോധിക്കേണ്ട കാര്യമില്ല. എന്‍ഡോസള്‍ഫാന്‍ നിരോധത്തെ അനുകൂലിച്ച സുധീരന്റെ നിലപാടില്‍ ഒരു പ്രശ്‌നവുമില്ല. കേന്ദ്രമന്ത്രി ജയറാം രമേശിനെതിരെ അദ്ദേഹം നടത്തിയ പ്രസ്താവന വ്യക്തിപരമായ അഭിപ്രായമാണ്. കൂട്ടുകക്ഷി സര്‍ക്കാറായതിനാല്‍ എല്ലാ കാര്യത്തിലും ഏകാഭിപ്രായം സ്വീകരിക്കാന്‍ കഴിയില്ല. കേന്ദ്രമന്ത്രിമാരുടെ നിലപാട് കെ.പി.സി.സിയെ പ്രതിരോധത്തിലാക്കിയിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി രമേശ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, തെന്നല ബാലകൃഷ്ണപിള്ള, കേന്ദ്ര സഹമന്ത്രി കെ.സി.വേണുഗോപാല്‍, പി.സി.ചാക്കോ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

ബാലറ്റ് പെട്ടിക്ക് കാവല്‍ നില്‍ക്കുന്നവര്‍ ദുരിതത്തില്‍

ഇരിങ്ങാലക്കുട: അവധിയും അലവന്‍സും ഇല്ലാതെയാണ് ഇത്തവണ ബാലറ്റ് പെട്ടിക്ക് പൊലീസുകാര്‍   കാവല്‍ നില്‍ക്കുന്നത്. സാധാരണ ബാലറ്റ് പെട്ടികള്‍ക്ക് കാവലിരിക്കുന്ന പൊലീസുകാര്‍ക്ക് 100 രൂപ വീതം പ്രതിദിനം ഫീഡിങ് അലവന്‍സ് നല്‍കാറുണ്ട്. എന്നാല്‍, ഇത്തവണ ഇതുവരെ ഈ അലവന്‍സ് ലഭിച്ചിട്ടില്ലെന്ന് പൊലീസുകാര്‍ പറയുന്നു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ സൂക്ഷിച്ചിരിക്കുന്ന ബാലറ്റ് പെട്ടികള്‍ക്ക് കാവലിരിക്കുന്ന പൊലീസുകാര്‍ ഇതുമൂലം ദുരിതത്തിലാണ്. ഇരിങ്ങാലക്കുട, പുതുക്കാട്, ചാലക്കുടി നിയോജക മണ്ഡലങ്ങളിലെ ബാലറ്റ് പെട്ടികളാണ് ഇവിടെ രണ്ട് സ്‌ട്രോങ് റൂമുകളിലായി സൂക്ഷിച്ചിരിക്കുന്നത്. രാമവര്‍മപുരം കെ.എ.പി ക്യാമ്പ് ,റിസര്‍ച് ക്യാമ്പ് എന്നിവിടങ്ങളില്‍ നിന്നായി 60 ഓളം പൊലീസുകാരാണ് ഇവിടെ ഉറക്കമൊഴിച്ച് കാവലിരിക്കുന്നത്. ഫയര്‍ഫോഴ്‌സ് ജീവനക്കാരും കാവലിനുണ്ട്. വോട്ടെടുപ്പ് നടന്ന ഏപ്രില്‍ 13 മുതല്‍ ഇവിടെ കാവലുള്ള പൊലീസുകാര്‍ക്ക് അവധിയില്ലാത്തത്മൂലം വിഷുവും ഈസ്റ്ററുമൊന്നും ആഘോഷിക്കാനുമായില്ല. നഗരത്തില്‍നിന്ന് കുറച്ച് ഉള്‍പ്രദേശത്താണ് ക്രൈസ്റ്റ് കോളജെന്നതിനാല്‍ തൊട്ടടുത്തൊന്നും ഹോട്ടലുകളില്ല. അതിനാല്‍ ഭക്ഷണം കഴിക്കുന്നതിനും ബുദ്ധിമുട്ടേണ്ടി വരുന്നു.
കോളജ് കോമ്പൗണ്ടില്‍ കാന്റീന്‍ ഉണ്ടെങ്കിലും  പലപ്പോഴും ഭക്ഷണം കിട്ടാറില്ല. ഒരു ഡി.വൈ.എസ്.പിയുടെയും സി.ഐയുടെയും കീഴിലാണ് പൊലീസുകാര്‍  ഇവിടെ ഡ്യൂട്ടിചെയ്യുന്നത്. ഇവരുടെ ദുരിതം ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കുന്നില്ലെന്നും പരാതിയുണ്ട്.

ഖദ്ദാഫിയുടെ മകനും മൂന്ന് ചെറുമക്കളും നാറ്റോ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഖദ്ദാഫിയുടെ മകനും മൂന്ന് ചെറുമക്കളും നാറ്റോ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
ട്രിപളി: ലിബിയന്‍ തലസ്ഥാനമായ ട്രിപളിയില്‍ നാറ്റോസേന നടത്തിയ വ്യോമാക്രമണത്തില്‍ കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയുടെ മകനും മൂന്നു ചെറുമക്കളും കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഖദ്ദാഫിയുടെ ആറാമത്തെ പുത്രന്‍ സെയ്ഫ് അല്‍ അറബും പേരക്കുട്ടികളുമാണ് മരിച്ചത്. നാറ്റോയുടെ ആക്രമണത്തില്‍ നിന്നു ഖദ്ദാഫിയും ഭാര്യയും രക്ഷപെട്ടതായാണ് റിപ്പോര്‍ട്ട്.
ഖദ്ദാഫിയുടെ ട്രിപളിയിലെ വസതിയ്ക്കു നേരെയാണ് നാറ്റോ വ്യോമാക്രമണം നടത്തിയത്. മരണകാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വ്യോമാക്രമണം നടത്തിയതായി നാറ്റോ സേന അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ കെട്ടിടം ഏകദേശം പൂര്‍ണമായും തകര്‍ന്നു. നാറ്റോ യുദ്ധ വിമാനങ്ങള്‍ വര്‍ഷിച്ച ഒരു ബോംബ് ഇവിടെ പൊട്ടാതെ കിടപ്പുണ്ടെന്നും ഈ മേഖലയിലെ വിദേശമാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടു ചെയ്തു.
ജര്‍മനിയില്‍ പഠനം പൂര്‍ത്തിയാക്കി ഈയിടെയാണ് അറബ് ലിബിയിയില്‍ തിരിച്ചെത്തിയത്. ആക്രമണസമയത്ത് ഖദ്ദാഫിയ്ക്കും ഭാര്യയ്ക്കുമൊപ്പം ഏതാനും സുഹൃത്തുക്കളും ബന്ധുക്കളുമുണ്ടായിരുന്നു. ഖദ്ദാഫിയെ വധിക്കാനുള്ള നാറ്റോയുടെ നേരിട്ടുള്ള ശ്രമമാണ് നടന്നതെന്ന് ലിബിയന്‍ വക്താവ് പറഞ്ഞു. വ്യോമാക്രമണം നിര്‍ത്തിയാല്‍ ലിബിയയില്‍ വെടിനിര്‍ത്തലിനു തയ്യാറാണെന്നും നാറ്റോയുമായി ചര്‍ച്ചയ്ക്കു സന്നദ്ധമാണെന്നും കഴിഞ്ഞദിവസം ഖദ്ദാഫി ദേശീയ ടെലിവിഷനിലൂടെ അറിയിച്ചിരുന്നു.